ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
കല്‍പ്പറ്റ: ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്. മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചു.
മതപഠന ക്ലാസുകള്‍, ട്യൂഷന് സെന്ററുകള്‍, കോച്ചിംഗ് ക്ലാസുകള്‍, സ്പെഷല്‍ ക്ലാസുകള്‍, ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്കും റെസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും പ്രവര്‍ത്തിക്കാം. മഴ ശക്തമാകുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും താമരശേരി ചുരത്തിലും പാല്‍ചുരത്തിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരങ്ങളിലൂടെയുള്ള യാത്ര അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമാക്കി പരിമിതപ്പെടുത്തണം. അത്തരം യാത്രകളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.
ജില്ലയിൽ 10 ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത് 112 കുടുംബങ്ങൾ
കൽപ്പറ്റ: ജില്ലയിൽ മഴക്കെടുതിയെ തുടർന്ന് ആരംഭിച്ച 10 ദുരിതാശ്വാസ ക്യാന്പുകളിലായി 112 കുടുംബങ്ങളിലെ 408 പേരാണുള്ളത്. ഇതിൽ 143 പുരുഷൻമാരും 152 സ്ത്രീകളും 113 കുട്ടികളുമുണ്ട്. വൈത്തിരി താലൂക്കിൽ നാലും മാനന്തവാടിയിൽ അഞ്ചും സുൽത്താൻ ബത്തേരി താലൂക്കിൽ ഒരു ക്യാന്പുമാണ് പ്രവർത്തിക്കുന്നത്.
വൈത്തിരി താലൂക്കിലെ ഇടിയംവയൽ കമ്യൂണിറ്റി ഹാൾ, മേപ്പാടി ജയ്ഹിന്ദ് അങ്കണവാടി, തെക്കുംതറ എയുപി സ്കൂൾ, വെണ്ണിയോട് എസ്എ എൽപി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാന്പുകൾ. മാനന്തവാടി താലൂക്കിൽ പുളിഞ്ഞാൽ ഗവ. ഹൈസ്കൂൾ, മക്കിയാട് ഹോളി ഫേസ് സ്കൂൾ, കൈതകൊല്ലി ഗവ. എൽപി സ്കൂൾ, കുഞ്ഞോം എയുപി സ്കൂൾ, വള്ളിയൂർക്കാവ് എൻഎം യുപിഎസ് എന്നിവിടങ്ങളിലാണ് ക്യാന്പുള്ളത്. ബത്തേരി താലൂക്കിൽ ശ്രേയസിലാണ് ക്യാന്പ് പ്രവർത്തിക്കുന്നത്.